Tuesday, May 22, 2012

മോഹന്‍ലാലും T.P.യും അച്ചുതാനന്ദനും



മോഹന്‍ലാലിന്‍റെ ബ്ലോഗ്‌ വായിച്ചു. സത്യത്തില്‍ കരഞ്ഞു പോയി. ഒരു അതുല്യ നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഒരു എളിയ ആരാധകന്‍ ആണ് ഈയുള്ളവന്‍. വധിക്കപെട്ട T.P. യുടെ അമ്മയുടെ വേദന ലാലിനെ ഒത്തിരി വേദനിപ്പിച്ചു ! അതാണ്‌ അദ്ദേഹം തന്റെ ബ്ലോഗില്‍ കോറിയിട്ടത്‌.

 
ലാല്‍ കരയുന്നതിനു രണ്ടാഴ്ച മുന്‍പേ കേരളം ദാരുണമായ കൊലപാതകത്തിന്റെ വാര്‍ത്ത കണ്ടു ഞെട്ടിത്തരിച്ചു. T.P. യെ ഓര്‍ത്തു വേദനിക്കാത്ത ആരുണ്ട്‌ നാട്ടില്‍ ? ലാലിന്റെ വേദന അല്പം വൈകിപ്പോയി. സാംസ്ക്കാരിക നായകര്‍ പ്രതികരിക്കാത്തത്തില്‍ വീരേന്ദ്ര കുമാര്‍, P.C. ജോര്‍ജ് തുടങ്ങിയ സാംസ്ക്കാരിക പ്രതിഭകള്‍ അക്ഷരാര്‍ത്തത്തില്‍ പൊട്ടിത്തെറിച്ചു. എന്നിട്ടും സംസ്കാരികര്‍ ആരും കാര്യമായി പ്രതികരിച്ചു കണ്ടില്ല. അപ്പോഴാണ്‌ ലാലിന്റെ വേദന പുറത്തു വന്നത്.

അദ്ദേഹത്തിന്റെ
ഉള്ളില്‍ ഒരു വേദനിക്കുന്ന മനുഷ്യസ്നേഹി മറഞ്ഞിരിക്കുന്നത് ഇപ്പോഴാണ് കേരളം മനസ്സിലാക്കിയത്. ലാലിന് ലാല്‍ സലാം. ഒരു കാര്യം കൂടി പറഞ്ഞോട്ടെ ? കരയുന്ന അമ്മമാര്‍ വേറെയും ഉണ്ട്. അവരുടെ കണ്ണീരും കൂടി ലാലിന് കാണാന്‍ കഴിയണം. അപ്പോഴാണ്‌ ലാല്‍ യഥാര്‍ത്ഥ മോഹന്‍ലാല്‍ ആകുന്നത്‌. മനുഷ്യസ്നേഹിയാകുവാന്‍ ഒരുപടി കൂടി കടക്കണം. വേദനിക്കുന്നവരോടൊപ്പം ജീവിതവും പങ്ക് വെക്കണം. T.P. യെ പോലെ ജീവിച്ചു മരിക്കണം. പറ്റുമോ ???

അല്ലെങ്കില്‍
അച്ചുതാനന്ദനെ പോലെ എല്ലാം ത്യജിക്കാന്‍ തയ്യാറാവുന്ന ഒരു BLOOD STAINED REVOLUTIONARY - A REBELLIOUS PATRIARCH ആകുവാന്‍ കഴിയുമോ ? കഴിയില്ല. പിന്നെ വെറുതെ കണ്ണീര്‍ പൊഴിക്കാം. അത്ര തന്നെ.


കണ്ണീര്‍ അല്പസ്വല്പം നെയ്യാറ്റിന്‍കരയില്‍ വിറ്റഴിക്കാം. ഫലവും ഉണ്ടാവും. അതിനു കേരളീയ മനസ്സുകളില്‍ നിലനില്പ് ഉണ്ടാവില്ല. വേണ്ടായിരുന്നു....      ഒരു രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഇരയായി ലാലിനെ പോലുള്ള ഒരു കലാകാരന്‍ പെട്ടുകൂടായിരുന്നു. അതുകൊണ്ടാണ് ലാലിന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍ ഞാനും കരഞ്ഞുപോയത്.  പ്രീയപെട്ട ലാലേട്ടാ ടി.പി . യെ യാണ്‌ എനിക്ക് ഇഷ്ടം.



Saturday, May 5, 2012

മാലാഖമാരുടെ നിലവിളി !


ലക്ഷക്കണക്കിന് രൂപ ബാങ്ക് ലോണ്‍ എടുത്ത് നേടിയ ഉന്നത വിദ്യാഭാസം നേഴ്സുമാരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളി വിടുന്നു.  

ബോണ്ടിന്റെ പേരില്‍ ഭീഷണിപ്പെടുത്തി, അടിച്ചുതളിക്കുന്ന ജോലിവരെ ചെയ്യിക്കുന്ന ദയനീയകാഴ്ചയാണ് ബലരാമന്‍ കമീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്ട്രെയ്നിങ് എന്ന പേരില്‍ നോണ്‍ നേഴ്സിങ് ജോലികള്‍ ചെയ്യിക്കുന്നു. വീട്ടുജോലിക്ക് നില്‍ക്കുന്നവരേക്കാള്‍ കുറഞ്ഞ വേതനം നല്‍കുന്നു. 

മാനേജ്മെന്റിനെതിരെ ശബ്ദിക്കാതിരിക്കാന്‍ നേഴ്സുമാര്‍ വസ്ത്രം മാറുന്ന സ്ഥലത്തും വിശ്രമമുറികളിലും ഒളിക്യാമറ വച്ചതായും വെളിപ്പെട്ടിരിക്കുന്നു !!

രാത്രി ഷിഫ്റ്റടക്കം 15മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കുന്നു. കൂടാതെ, അടുത്തദിവസം രാവിലെ ജോലിക്ക് എത്തണമെന്നും നിഷ്കര്‍ഷിക്കുന്നു. നാല് രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന അനുപാതം പാലിക്കുന്നില്ല.   40 രോഗികളെവരെ ഒരു നേഴ്സ് പരിചരിക്കേണ്ടിവരുന്നു.  

പ്രസവാവധി ഒഴിവാക്കാന്‍ വിവാഹം കഴിഞ്ഞവരെ ജോലിക്കെടുക്കില്ല !  നേഴ്സുമാര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുന്നില്ല.

നേഴ്സിങ് കോളേജുകളില്‍ സീറ്റ് നിറയ്ക്കാന്‍ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നു. പിന്നീട് കോഴ്സ് കഴിഞ്ഞശേഷം ബോണ്ട് വ്യവസ്ഥയില്‍ ജോലിക്കുനിര്‍ത്തും. മാനസികമായും ശാരീരികമായും പീഡനത്തിന് ഇരയാകുന്നതില്‍  കൂടുതലും ദരിദ്രരും പാവപെട്ട കുട്ടികളും ആണ്.   നേഴ്സിങ് മേഖലയിലേക്ക് കടന്നുവരുന്നവരെ മാത്രമല്ല വര്‍ഷങ്ങള്‍ സര്‍വീസുള്ളവരെയും തുച്ഛശമ്പളം നല്‍കി പീഡിപ്പിക്കുന്നു.

മുഖത്ത് പുഞ്ചിരിയും ഉള്ളില്‍ കനലുമായി എത്രകാലം  ഇവര്‍  "ഈ ആട് ജീവിതം" കരഞ്ഞു തീര്‍ക്കണം ?   ആശുപത്രി അധികൃതര്‍ ഡോക്ടര്‍മാരുമായി ചേര്‍ന്ന് ഈ  മാലാഖമാരെ ക്രൂരമായി പീഡിപ്പിക്കുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു.  ഇവരുടെ കണ്ണീര്‍ തുള്ളികള്‍ ഈ ചൂഷകരുടെ മേല്‍ തീമഴയായി പെയ്യും...